2017, നവംബർ 27, തിങ്കളാഴ്‌ച

ഒരു മേശക്കിരുപുറം

കടൽത്തീരത്തിനടുത്തുള്ള കോഫി ഷോപ് തിരഞ്ഞെടുത്തത് അവൾ തന്നെ ആയിരുന്നു. എവിടെ ഇരുന്നാലും കടൽ കാണത്തക്ക വിധത്തിലുള്ള സീറ്റിങ് അറേഞ്ച്മെന്റ്. തിരക്കും ബഹളവുമില്ലാത്ത ശാന്തമായ സ്ഥലം. കണ്ണാടിച്ചില്ലിലൂടെ നോക്കിയാൽ അലകൾ അടിക്കുന്ന കടൽ. പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന ഗസൽ .ഒരു  കോഫിയും ചോക്ലേറ്റ് ബ്രൗണിയും ഓർഡർ ചെയ്തു അവൾ കടലിലേക്കു നോക്കി. ദൂരെ ഇളകുന്ന ഓളങ്ങളിൽ ഉയർന്നും താഴ്ന്നും  ഒരാൾ മാത്രമുള്ള ചെറുതോണി. ഓരോ പ്രാവശ്യം അതുയർന്നു പൊങ്ങുമ്പോഴും അവൾ വിവശയായി . അതെങ്ങാനും മറിഞ്ഞാലോ , അയാൾക്കു  നീന്തി രക്ഷപെടാൻ കഴിയുമോ അങ്ങനെ ഓരോന്നോർത്തു കൊണ്ട് അവൾ കാപ്പിയെടുത്തു പതുക്കെ കുടിക്കാൻ തുടങ്ങി.

അവൾ നിത. ഒരു നാലു  വർഷം മുൻപേ മാധ്യമങ്ങളുടെ ചർച്ചാ വിഷയം ആയിരുന്നവൾ . വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഡ്രയിനേജ് ഹോളിൽ വീണു മരിച്ചു പോയ ബാങ്ക് ഓഫീസറുടെ ഭാര്യ. മനുഷ്യസ്‌നേഹത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ഒരാഴ്ച വാ തോരാതെ ചാനലുകൾ പറഞ്ഞിരുന്നു . പിന്നീട് മറ്റൊരു വാർത്ത കിട്ടിയപ്പോൾ മറന്നു പോയ അവകാശങ്ങൾ. ഒറ്റ മകൻ ഓസ്‌ട്രേലിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.

"വല്ലാത്ത ട്രാഫിക് , ഏതോ പൊളിറ്റിക്കൽ പാർട്ടിയുടെ ജാഥ. അതാണ് വൈകിയത് സോറി ട്ടോ. " ഒരു ക്ഷമാപണത്തോടെ അയാൾ മുന്നിൽ വന്നിരുന്നു 

'അത് സാരമില്ല . വീക്കെൻഡ് അല്ലെ ഇതൊക്കെ ഈ നഗരത്തിൽ സ്വാഭാവികമാണ്. പിന്നെ ഇവിടിങ്ങനെ ഒറ്റക്കിരിക്കാനും ഒരു സുഖമാണ്.'

വെയിറ്ററോട് കോഫീക്കു  ഓർഡർ  ചെയ്തു ഒരു സെക്കന്റ് എന്നവളോട് പറഞ്ഞു അയാൾ തന്റെ മൊബൈലിൽ വന്ന മെസ്സേജ് നോക്കാൻ തുടങ്ങി. 


ആറു  മാസം മുൻപാണ് തിരക്കേറിയ ഒരു മാളിൽ നിന്നിറങ്ങുമ്പോൾ  നിത അല്ലെ എന്ന ചോദ്യം കേട്ട് അവൾ നോക്കിയത്.  ആരെന്നു മനസിലാകാതെ മിഴിച്ചു നോക്കുമ്പോൾ ഡീ പൊത്തെ ഞാൻ സതീഷ്  ആണെന്ന് പറഞ്ഞപ്പോൾ ആദ്യം മനസിലായില്ലെങ്കിലും കോളേജിന്റെ പേര് പറഞ്ഞപ്പോൾ അവൾക്ക്  അറിയാതെ ചിരിപൊട്ടി. ചുരുണ്ടമുടികൾ നിറഞ്ഞ തല കൊയ്ത്തു കഴിഞ്ഞ പാടം പോലെ ശൂന്യം. മൂക്കിന് താഴെയുണ്ടായിരുന്നു കട്ടി മീശ കാണാൻ ഇല്ല. പ്രായമായില്ലേ എന്ന ചോദ്യത്തിനു നമുക്കൊരേ പ്രായം ആണെന്ന് മറക്കല്ലേ എന്ന് ചിരിയോടവൾ പറഞ്ഞു. അതേയ് നീയിപ്പോഴും കോളേജ് പെണ്ണല്ലേ എന്ന് പറഞ്ഞു അയാൾ ചിരിച്ചു. വിശേഷങ്ങൾ എല്ലാം പറഞ്ഞു തീരാത്തത് കൊണ്ട് ഫോൺനമ്പർ കൊടുത്തു വണ്ടിയിൽ കേറി വീട്ടിലേക്ക് വരുമ്പോൾ അവൾ ഓർത്തത് കോളേജിലെ നല്ല കാലത്തേ കുറിച്ചായിരുന്നു. പാട്ടു  പാടി പെണ്ണുങ്ങളുടെ ഹീറോ ആയിരുന്നസതീഷിനെ കുറിച്ച്. സതീഷിന്റെ ഗേൾ ഫ്രണ്ട് ആകാൻ കൊതിച്ചിരുന്ന പെൺകുട്ടികളിൽ നിന്നും തെന്നി മാറി എന്നാൽ എല്ലാവരോടും കൂട്ടുകൂടി നടന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനിൽ നിന്നും മാളിൽ വെച്ച് കണ്ട മധ്യവയസ്‌കനിലേക്കുള്ള ദൂരം ഒരു പാടുണ്ട് എന്നവൾ ഓർത്തു. മുപ്പതു വർഷങ്ങൾക്ക് ശേഷവും അയാൾക്കു തന്നെ മനസിലായതിൽ അവൾ അത്ഭുതപ്പെടുകയും ചെയ്തു.

ഇടക്കുള്ള വിളിയും മെസ്സേജുകളും പഴയ സൗഹൃദം അവർക്കിടയിലേക്ക് വീണ്ടും പറന്നിറങ്ങി. വിളിക്കുമ്പോഴൊക്കെ തന്റെ ഭാര്യയുടെ പൂന്തോട്ടത്തെ കുറിച്ചും അടുക്കളത്തോട്ടത്തെ കുറിച്ചും  വാ തോരാതെ അയാൾ പറഞ്ഞു.  പുതിയ ചെടികൾ  ഉണ്ടായതും  പൂത്തതും കായ്ച്ചതുമെല്ലാം ഒരു കുട്ടിയുടെ ആവേശത്തോടെ അയാൾ പറയുന്നത് കേട്ട് ആണ് ഒരു ദിവസം അവൾ അയാളുടെ വീട്ടിലേക്ക് കേറി ചെന്നത്. അപ്രതീക്ഷിതമായ അവളുടെ വരവ് അയാളെ  തെല്ലൊന്നു അമ്പരപ്പിച്ചെങ്കിലും തന്റെ തോട്ടക്കഥ കേട്ട് കാണാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ അയാൾ അവളെ തോട്ടം മൊത്തം കൊണ്ട് നടന്നു കാണിച്ചു കൊടുത്തു. പത്തു  സെന്ററിൽ ഒരു കൊച്ചു വീടും ബാക്കി ചെടികളും. അടുക്കള തോട്ടത്തിനും പൂന്തോട്ടത്തിനും അതിർവരമ്പ് ആയി രാജമല്ലിയുടെ ചെടികൾ. 

അകത്തേക്ക് വാ, ആളെ ആകത്ത്  കയറ്റാതെ പറഞ്ഞു വിട്ടാൽ അത് മതി കോലാഹലത്തിനു എന്ന് പറഞ്ഞു അയാൾ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു . വൃത്തിയും ഒതുക്കമുള്ളതുമായ ഡ്രോയിങ് റൂമിന്റെ ഒരു വശത്തു സാരിയുടുത്ത സുന്ദരിയായ ഒരു സ്ത്രീയുടെ ജീവനുള്ള ഛായാചിത്രം . അതിനു മുന്നിൽ നിന്ന് അയാൾ പറഞ്ഞു "ലക്ഷ്മി,  ഒരു വർഷം മുൻപ്  ഈ തോട്ടവും വീടും എന്നെ ഏൽപിച്ചു പോയി . ക്യാൻസർ ആയിരുന്നു അറിഞ്ഞില്ല ." 

എന്ത് പറയണം എന്നറിയാതെ അവൾ പകച്ചു നിന്നും. പരിചയെപ്പെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും അയാളുടെ സംസാരത്തിൽ ഒരിക്കൽ പോലും ഭാര്യ കൂടെയില്ലാത്ത രീതിയിലുള്ള സംസാരം ഉണ്ടായിരുന്നില്ലല്ലോ എന്നവൾ ഓർത്തു.  ആ ചിത്രത്തിലേക്ക് നോക്കി ഒരു പ്രതിമയെ പോലെ അവൾ നിന്നു. 


രണ്ടു  കപ്പ് ചായയുമായി അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അവളോട്   ഇരിക്കാൻ പറഞ്ഞു കൊണ്ട് അയാൾ തുടർന്നു 'ഒരു മോളുണ്ട് , ഭർത്താവിനോടൊപ്പം അമേരിക്കയിൽ. കൂടെ ചെല്ലാൻ അവൾ വിളിക്കുന്നുണ്ട്. ജീവൻ കൊടുത്താണ് ഇവിടുള്ള ഓരോ ചെടിയും ലക്ഷ്മി നോക്കി വളർത്തിയത്. ഞാൻ പോയാൽ പിന്നെ ഇതെല്ലാം  നശിക്കും. അവളുടെ ആത്മാവ് അതൊരിക്കലും പൊറുക്കില്ല. ഇവിടെ ഈ ചെടികൾ ഒക്കെ നോക്കി നടക്കുമ്പോൾ മടുപ്പു തോന്നാറില്ല . അവിടെ എനിക്കൊന്നും ചെയ്യാനില്ല അപ്പോൾ ചിലപ്പോൾ ജീവിതം മടുത്തു പോകും' 

ചായ കുടിച്ചു കഴിഞ്ഞു  ഇനിയും കാണാം എന്ന് പറഞ്ഞിറങ്ങുമ്പോഴും അവളുടെ മനസ്സിൽ ഒരു കടൽ അലയടിക്കുക ആയിരുന്നു. എങ്ങനെ ആണ് എല്ലാം ഒളിപ്പിച്ചു ഇങ്ങനെ ഊർജ്ജസ്വലനായി അയാൾ നടക്കുന്നത് എന്നോർത്തു നടക്കവേ അവൾ തന്നെ കുറിച്ച് ഓർത്തു. സുധിയുടെ മരണത്തിന്റെ ആഘാതം മാറ്റാനാണ് നഗരത്തിലെ ശുചികരണതൊഴിലാളികളുടെ ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടി ഉണർവ് എന്ന സംഘടന തന്നെ തുടങ്ങിയത്. അതിൽ ചേർന്ന ശേഷം ആണ് വീണ്ടും ജീവിക്കാൻ തുടങ്ങിയത് തന്നെ. 

ആ കൂടിക്കാഴ്ച കഴിഞ്ഞു കൃത്യം മൂന്നാഴ്ചക്കു ശേഷമാണ് അവർ ഈ റെസ്റ്റാറന്റിൽ കാണുന്നത്. മെസ്സേജിന് റിപ്ലൈ കൊടുത്തു അയാൾ പറഞ്ഞു.

"വളരെ ശാന്തമായ നല്ല സ്ഥലം. ആദ്യമായാണ് ഞാൻ ഇവിടെ വരുന്നത് " 

'ഞാൻ ഇടക്കിടക്കു വരാറുണ്ട് . കടലിനെ നോക്കി ഇരിക്കാൻ ഇത് പോലെ പറ്റിയ സ്ഥലം വേറെ ഇല്ല.'

"മോളോടു ഞാൻ നിതയെ കുറിച്ച് പറയാറുണ്ട്.  താൻ വീട്ടിൽ വന്ന പോയ അന്ന് അവൾ എന്നോട് ചോദിക്കുകയാണ് . പപ്പയും ഒറ്റക്ക് , ആ ആന്റിയും ഒറ്റക്ക് . എങ്കിൽ പിന്നെ രണ്ടു പേർക്കും കൂടെ ഒരുമിച്ചങ്ങ് ജീവിച്ചൂടെ എന്ന് " 

ഒരു ഞെട്ടലോടെ നിത അയാളെ നോക്കി. പിന്നെ പതുക്കെ ചോദിച്ചു  " ഞാൻ ഒറ്റക്കാണ് എന്നാരു പറഞ്ഞു"  

സാരിക്കിടയിൽ മറഞ്ഞു കിടന്ന താലി എടുത്തു മുന്നോട്ടിട്ടു കൊണ്ടവൾ തുടർന്നു "ഒറ്റക്കല്ല എന്നും കൂടെയുണ്ട് , ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അഭിപ്രായം പറഞ്ഞു ,അബദ്ധങ്ങൾ പറ്റുമ്പോൾ തിരുത്തി തന്നുകൊണ്ട്. അവിടെ വേറെ ഒരാൾക്ക് വേക്കൻസി ഇല്ല സതീഷ് '

ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളെ നോക്കി അവൾ വീണ്ടും പറഞ്ഞു 

'ഭാര്യാഭർത്താക്കന്മാരാകുക അല്ലെങ്കിൽ ഒരുമിച്ചു ജീവിക്കുക എന്നതൊക്കെ എളുപ്പമാണ് . പക്ഷെ  ഒരാണും ഒരു പെണ്ണും ഇന്നത്തെ സമൂഹത്തിൽ നല്ല സുഹൃത്തുക്കളായി  എന്നതാണ് വെല്ലുവിളി. നമ്മൾ വെല്ലുവിളികളെ ഭയപ്പെടുന്നവർ അല്ലല്ലോ, നേരിടുന്നവർ അല്ലെ സതീഷ് '

ഒരു ചിരി അയാളുടെ ചുണ്ടിൽ വിരിഞ്ഞു . വീണ്ടും രണ്ടു  കോഫിയും ബ്ലാക്ക് ഫോറെസ്റ്റ് പേസ്ട്രിയും ഓർഡർ ചെയ്തു കൊണ്ട് കടലിനെ നോക്കി സീറ്റിലേക്കവൾ ചാഞ്ഞിരുന്നു.  ചെറുതോണി കരയിലേക്കു വലിച്ചു കേറ്റി അതിന്റെ അറ്റത്തിരുന്നു ബീഡി വലിയ്ക്കുകയായിരുന്നു അപ്പോൾ തോണിക്കാരൻ.

ദോസ്തി ഏക്  ഹസീൻ  ക്വാബ് ഭി  ഹേ 
പാസ് സെ ദേഖോ ശരാബ് ഭി  ഹേ
ദുഃഖ്  മിൽനെ പേ യേ അജബ് ഭി  ഹേ
ഔർ യേ പ്യാർ കാ  ജവാസ് ബി ഹേ

പതിഞ്ഞ ശബ്ദത്തിൽ ഗസൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 

 

2017, നവംബർ 15, ബുധനാഴ്‌ച

പ്രണയക്കടൽ തീരത്ത്

ഒരു മൌനം
പ്രണയം പോലെ
ഉള്ളിൽ  കടലാഴങ്ങളായി 
വേരാഴ്ത്തുന്നു.
വാചാലതയിലേയ്ക്കുള്ള വേരുകളിൽ
ജീവൻ  കുരുങ്ങുന്നു .
ഉണ്ടെന്നോ ഇല്ലെന്നോയുള്ള
നിന്‍റെ നിശ്ചലതയില്‍
എനിയ്ക്ക് കൂട്ടിരിയ്ക്കുന്ന
പരാതികൾ , പരിഭവങ്ങൾ
നിന്റെ സ്മൃതിഗന്ധങ്ങൾ.
കടൽ പോലെയാണ്  പ്രണയം
വേലിയിറക്കങ്ങൾ പോലെ
നിന്‍റെ ഇറങ്ങിപ്പോക്കുകൾ
കരയിൽ  ഇപ്പോഴുംഞാനുണ്ട്
ഒരു വേലിയേറ്റവും  കാത്ത്.



2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഒരു ചീത്ത ദിവസത്തിന്റെ തുടക്കം


വാവിട്ടു അലറുന്ന അലാറത്തെ കൈ മാത്രം പുറത്തിട്ടു  ഓഫാക്കി , തലയണയുടെ താരാട്ടു കേട്ടു നനുത്ത സ്വപ്‌നങ്ങൾ കണ്ടു  വീണ്ടുമുറങ്ങുമ്പോൾ അന്നത്തെ ദിവസം മുഴുവൻ കട്ടപ്പൊഹയായിരിക്കുമെന്നു ഒട്ടും ഓർത്തിരിക്കില്ല.

പിന്നെ  ചാടിയെഴുന്നേറ്റു നോക്കുമ്പോൾ സൂര്യൻ ഉച്ചിയിൽ എത്തിയിട്ടുണ്ടാകും .
ഓഫീസിൽ എത്താനുള്ള ധൃതിയിൽ അടുക്കളയിൽ ഗുസ്തി പിടിക്കുമ്പോൾ എന്നുമില്ലാത്ത വിധം അരി തിളച്ചു മറിഞ്ഞു ഇരട്ടി പണിയുണ്ടാകും.
 കറിയിൽ ഉപ്പു കൂടും , എരിവ് കൂടും. ചീത്തയും കുറ്റവും കേട്ട് ഓടി പാഞ്ഞു ബസിൽ കേറുമ്പോൾ ഒറ്റ സീറ്റ് പോലുമുണ്ടാകില്ല. തൂങ്ങി പിടിച്ചു നിന്ന് പോകുമ്പോൾ കണ്ടക്ടർ ചില്ലറക്കായി തല്ലുണ്ടാക്കും.
വഴിയിൽ ആവശ്യമില്ലാത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകും.
പതിനൊന്നു മണിക്ക്  ഓഫീസിൽ കേറി ചെല്ലുമ്പോൾ കനത്തിൽ വാച്ചിലേക്കൊരു നോട്ടമുണ്ട് ബോസ്സിന്റെ. അതും കഴിഞ്ഞു പണി ചെയ്യാൻ തുടങ്ങുമ്പോൾ കമ്പ്യൂട്ടറിനുമുണ്ട് അസുഖം, ലോഡ് ആകാൻ മടി. നെറ്റിന് സ്പീഡ് കുറവ്. വേഗം വേണം എന്ന് പറഞ്ഞു ഓരോ കാര്യത്തിനായി മുന്നിലെത്തുന്നവരുടെ എണ്ണവും കൂടും.

അപ്പോൾ നമ്മൾ   ശപിക്കും . രാവിലെ അലാറം ഓഫ് ആക്കിയതിനു, വീണ്ടും ഉറങ്ങിയതിനു , സ്വപ്നങ്ങൾ കണ്ടതിനു, എന്തിനു ആവശ്യമില്ലാതെയുണ്ടായ ഓരോ തോന്നലിനും മനസ്സിൽ നമ്മളെ തെറി വിളിച്ചോണ്ടേയിരിക്കും

2017, സെപ്റ്റംബർ 6, ബുധനാഴ്‌ച

മരണത്തിന്റെ തണുപ്പ്

ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോളാണ് ഉറങ്ങാതെ കിടക്കയിൽ ഇരിക്കുന്ന ഹരിയെ  കണ്ടത് .

എന്താ ഇങ്ങനെ ഇരിക്കുന്നത് , ഉറങ്ങുന്നില്ലേ ?

'ഉറങ്ങാൻ തുടങ്ങുമ്പോൾ ആരോ എന്റെ കഴുത്തിനു  പിടിച്ചു ഞെക്കി കൊല്ലാൻ പോകുന്ന പോലെ തോന്നുന്നു'

ഹാ ഹാ ..ആരാ ഇപ്പോൾ ഈ പാതിരാത്രിയിൽ നിങ്ങളുടെ കഴുത്തു പിടിക്കാൻ വരുന്നത്. ഉമ്മറവാതിലും കോണിയകവാതിലും പൂട്ടിയാൽ ഒരീച്ചക്കു പോലും അകത്തു കടക്കാനാകാത്ത വിധത്തിലാ ഈ വീട് പണിതിരിക്കുന്നത്. അപ്പോഴാ കഴുത്തു പിടിക്കാൻ ആള് വരുന്നത് . മുകളിലത്തെ നിലയിൽ ഇപ്പോൾ നമ്മൾ മാത്രേ ഉള്ളൂ

'നീ ഉറങ്ങിക്കോ' അയാൾ കിടന്നു

രാവിലെ അവൾ എഴുന്നേല്ക്കുന്നതിനേക്കാൾ നേരത്തെ അയാൾ എഴുന്നേറ്റിരുന്നു.

മലഞ്ചെരിവിലെ പാടവരമ്പത്തുള്ള അവളുടെ പഴയ തറവാട്ടിലേക്ക് കല്യാണം കഴിഞ്ഞുള്ള ആദ്യ വിരുന്നു കൂടലിനു വന്നതാണവർ.  കാവും തറയും ഒക്കെ ആയി വീടിനു ചുറ്റും ദൈവസാന്നിദ്ധ്യം. പോരാത്തതിനു പുതിയ ചെക്കനേയും പെണ്ണിനേയും കാണാൻ വന്നയാളുകളുടെ കഥ പറച്ചിൽ . പഴയ പ്രേതഭൂത കഥകൾ.  അതൊക്കെ കേട്ട് അയാൾ പേടിച്ചതാകും എന്നവൾ കരുതി .   കല്യാണത്തിന് മുൻപ് അവൾ ഉപയോഗിച്ചിരുന്ന മുറിയിൽ തന്നെയായിരുന്നു അവർ കിടന്നതും.


അയാളുടെ നിർബന്ധത്തിനു വഴങ്ങി പിറ്റേന്ന് തിരിച്ചു പോകുമ്പോൾ  അവൾ ചോദിച്ചു ' സത്യത്തിൽ പേടിച്ചിട്ടല്ലേ ഇന്ന് തന്നെ വീട്ടിൽ നിന്നും പോന്നത്? "

'എനിക്ക് എന്ത് പേടി. പണ്ട് ഭഗവതി കുടിയിരുന്ന തറവാട്ടിൽ ആണ് ഞാൻ ഇത്രയും കാലം ഒറ്റക്ക്  താമസിച്ചത് . ഒന്നും രണ്ടുമല്ല ഏതാണ്ട് പതിനഞ്ച് വർഷത്തോളമായി.'

ഓ എന്നിട്ടാണല്ലോ രാത്രി പേടിച്ചു ഉറങ്ങാതെ മൂങ്ങയെ പോലിരുന്നത്

'നിന്റെ വീട്ടിൽ അസാധാരണമായ തണുപ്പാണ്.'

മലഞ്ചെരുവിലുള്ള വീട്ടിൽ തണുപ്പല്ലാതെ പിന്നെ എന്താ ഉണ്ടാവുക?

'ഈ തണുപ്പ് മരണത്തിന്റെ തണുപ്പാണ്'

അപ്പോൾ ഹരിയേട്ടൻ ഇതിനു മുൻപേ എത്ര പ്രാവശ്യം  മരിച്ചിട്ടുണ്ട് തണുപ്പറിയാൻ

'ആ തണുപ്പറിയാൻ മരിക്കണമെന്നില്ല കുട്ടീ. മരിച്ചവരെ തൊട്ടു നോക്കിയാൽ മതി.'

പിന്നീട്  ജീവിതത്തിന്റെ  തിരക്കിൽ വീണു പോയെങ്കിലും ഇടയ്ക്കിടെ അവളുടെ  വീട്ടിലേക്ക് അവർ വന്നിരുന്നു . വരുമ്പോഴൊക്കെ അവിടെ താമസിക്കാതിരിക്കാനുള്ള എന്തെങ്കിലും മുൻകൂട്ടി കണ്ടു വെക്കാൻ ഹരി മറന്നിരുന്നില്ല. തീരെ നിവൃത്തിയില്ലാത്ത ദിവസങ്ങളിൽ ചാവടിയിലോ പൂമുഖത്തോ കിടന്നുവെന്നല്ലാതെ ഒരിക്കൽ പോലും മുകളിലെ മുറിയിലേക്ക് അയാൾ പോയതേയില്ല .


വർഷങ്ങൾക്കു  ശേഷം തറവാട് ഭാഗം വെച്ച് കിട്ടിയ ഭാഗത്തിൽ വീട് വെക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അയാൾ എതിർത്തു . പിന്നീട് സ്ഥലം വിൽക്കാൻ നോക്കി നടക്കാതിരിക്കുകയും വീട് വെക്കാൻ പറ്റിയ ഒരു സ്ഥലം വേറെ വാങ്ങാൻ പറ്റാതിരിക്കുകയും ചെയ്തപ്പോൾ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവർ തറവാടു വീടിനു അടുത്ത് തന്നെ വീട് വെച്ചു.

വീടിന്റെ പാല് കാച്ചലിന് നിർബന്ധിച്ചു അങ്കണവാടിയിൽ കൊണ്ടാക്കിയ കുട്ടിയുടെ മുഖത്തോടെ ഹരി  ഓടി നടന്നു. രാത്രി  ആഗ്രഹപ്രകാരം ഉണ്ടാക്കിയ വീടിന്റെ മുറിയിലെ ചുമരിനോട് ചേർത്തിട്ട കട്ടിലിൽ ഹരിയുടെ  നെഞ്ചോട് ചേർന്ന് കിടന്നുറങ്ങുമ്പോൾ അവൾ ലോകത്തിലെ ഏറ്റവും സന്തോഷവതി ആയ പെണ്ണായിരുന്നു.

രാവിലെ പുറത്തു പണിക്കാരുടെ ഒച്ച കേട്ടാണ് അവൾ ഉണർന്നത് . രാവിലെ അഞ്ചു മണി എന്നൊരു സമയമുണ്ടെങ്കിൽ ലോകത്തിലെ ഏതു മൂലയിൽ ആണെങ്കിലും എഴുന്നേൽക്കുന്ന ആൾ ചുമരോട് ചേർന്ന് ഉറങ്ങുന്നു .

'ഹരിയേട്ടാ നേരം കുറെ ആയി എഴുനേൽക്കു '

അവൾ അയാളുടെ തോളിൽ പിടിച്ചു വലിച്ചു . ഒരു മരക്കട്ട പോലെ ചെരിഞ്ഞു വീണ അയാളുടെ കണ്ണുകൾ അടഞ്ഞു തന്നെ കിടന്നിരുന്നു. കഴുത്തിൽ  ആരോ വിരൽ കൊണ്ട് അമർത്തിയത് പോലെ നീല പാട് .

ആ മലമുഴുവൻ കുലുങ്ങുന്ന ഒരു നിലവിളി അവളിൽ നിന്നുയർന്നു.

മരണത്തിന്റെ തണുപ്പ് അവളെ പൊതിഞ്ഞു. തല പെരുത്ത്   ഒരു മൂലക്ക് ഒന്നും ചെയ്യാനാകാതെ പറയാനാകാതെ തളർന്നിരിക്കുമ്പോൾ നിലവിളി കേട്ട് ഓടിക്കൂടിയവർ പറയുന്നതവൾക്ക് കേൾക്കാമായിരുന്നു

ഷുഗർ ഒക്കെയുള്ളതല്ലേ , സൈലന്റ് അറ്റാക്ക് ആകും

വീട് വെച്ച് അതിൽ താമസിച്ചു കൊതി പോലും തീർന്നില്ല പാവം
ആ പെണ്ണ് ഒറ്റക്കായില്ലേ.

മരവിച്ചിരിക്കുമ്പോഴും അവളുടെ മനസ്സിൽ അയാളുടെ കഴുത്തിൽ കണ്ട നീലപാടുകൾ ആയിരുന്നു.


2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഓർമ്മകൾ ജീവിതത്തിന്റെ നാഡീവ്യൂഹങ്ങൾ ആണത്രേ. ബന്ധങ്ങളും ബന്ധനങ്ങളും എല്ലാം ഓർമ്മകളിലൂടെ ആണ് .എങ്കിലും ചിലപ്പോൾ ചില ഓർമ്മകൾ നമുക്ക് പിടി തരാതെ മാറി നിൽക്കും. ബാക്കിയുള്ള എല്ലാം ഓർമ്മയുള്ളപ്പോഴും ചില മുഖങ്ങളും പേരുകളും പരസ്പരം ചേരാതെ ആദ്യമായി കാണുന്ന അപരിചിതത്വത്തോടെ അകന്നു നിൽക്കും 

ഇരുപത്തഞ്ച് വർഷങ്ങൾക്കു  ശേഷം വന്ന ഒരു മെസ്സേജും ഗ്രൂപ്ഫോട്ടോയും. മുഖങ്ങളും പേരുകളും ഓർത്തെടുക്കാൻ ശ്രമിക്കുന്തോറും അകന്നു പോകുന്നു. ടീചെഴ്സ്  ട്രെയിനിങ്ങിൽ കൂടെ ഉണ്ടായിരുന്നവർ കഴിഞ്ഞ ഡിസംബെറിൽ നടത്തിയ ഗെറ്റ് ടു ഗെദറിന്റെ ഫോട്ടോ , ഏതോ കല്യാണ ആൽബത്തിൽ കണ്ട എന്റെ ഫോട്ടോയുടെ പിറകെ പോയി അന്വേഷിച്ചു നമ്പർ തപ്പിയെടുത്തു അയക്കുമ്പോൾ സാലി ഓർത്തിരിക്കില്ല മറവിയുടെ മാറാലകൾ പടർന്നു കേറിയ കാര്യം. രണ്ടു വർഷം  ഒരുമിച്ചു പഠിച്ചവർ ചേർത്തൊരു ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്ക് എന്നെ ചേർക്കുമ്പോൾ അറിയാത്ത ആളുകളുടെ മുന്നിൽ ചെന്ന് പെട്ട വൈക്ലബ്യത്തോടെ ഞാൻ മിണ്ടാതിരിക്കുമ്പോൾ " ജാഡ" എന്ന്  പേര് വീഴുമെന്നു ഓർക്കുമ്പോൾ ഞാൻ വീണ്ടും വീണ്ടും എന്റെ ഓർമ്മചില്ലുകൾ തേച്ചു മിനുക്കുന്നു 

നഴ്സറി ക്ലാസിനു പിറകിലെ സപ്പോട്ട മരങ്ങളും . ഖദീജ ടീച്ചറുടെ അറബി ക്ലാസ്സിൽ മറ്റെല്ലാവരും കളിയ്ക്കാൻ പോകുമ്പോൾ ഇടത്തോട്ട് എഴുതുന്നതിന്റെ രസം അറിയാൻ വേണ്ടി പനമ്പ് കൊണ്ട് മറച്ച മണ്ണിട്ട ഒന്നാം  ക്ലാസ് മുറിയും സ്കൂളിലേക്കു പോകുന്ന വഴികളും തോടും പുഴയും പുല്ലും എല്ലാം ഓർമ്മയിലേക്ക് തള്ളി കയറുന്നുണ്ട്. 

കോലൈസ് വാങ്ങി രാവുണ്ണി മാഷെ കണ്ടപ്പോൾ ചെടികൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച്  മാഷ് പോയ ശേഷം ഐസ് തിരഞ്ഞു നോക്കിയപ്പോൾ നനഞ്ഞ  മണ്ണിൽ  കിടക്കുന്ന കോലു കണ്ടു സങ്കടപ്പെട്ടതും , എൽ പി സ്കൂളിലേക്കു കേറി പോകുന്ന പടികളും ഹൈസ്കൂൾ ക്ലാസ്സിലും ആ സ്കൂളിലും പഠിച്ചവരെയും കോളേജിൽ കൂടെ പഠിച്ചവരെയും ഒക്കെ ഓർമ്മ വരുന്നുണ്ട് വളരെയധികം വ്യക്തതയോടെ, പേരും നാടുമടക്കം . 

ട്രെയിനിങ് കാലത്തേ പല കാര്യങ്ങളും ഓർമ്മയുണ്ട് . ആ ഓർമ്മകളിൽ മുഖങ്ങൾക്ക് പേരുകൾ കിട്ടുന്നില്ല. പേരുകൾ കിട്ടുന്നവരുടെ മുഖങ്ങൾ ചേരുന്നില്ല ..

ആരായിരിക്കാം അല്ലെങ്കിൽ എന്തായിരിക്കാം എന്റെ ഓർമ്മച്ചെപ്പിൽ നിന്നും രണ്ടു  വർഷം മുറിച്ചു മാറ്റിയത്.  ട്രൂകാളർ തരുന്ന ഐഡന്റിറ്റി നോക്കി  ഓരോരുത്തരെയും തിരിച്ചറിയാൻ നോക്കുമ്പോഴും വല്ലാത്തൊരു വാശിയോടെ പിണങ്ങി നിൽക്കുകയാണ് എന്റെ ഓർമ്മ.  വാട്ട്സ് ആപ്പിലെ പ്രൊഫൈൽ പിക്ചർ നോക്കി കണ്ടു പിടിക്കാനുള്ള ശ്രമവും വിഫലമായിരിക്കുന്നു. കുട്ടികളുടെ അല്ലെങ്കിൽ ദൈവത്തിന്റെ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോ വെച്ച് മറക്കപ്പെട്ടിരിക്കുന്നു എല്ലാം എന്റെ ഓർമ്മയെന്ന പോലെ. ബുദ്ധിയുറക്കാത്ത പ്രായത്തിൽ കണ്ടവരെ ഓർക്കുമ്പോഴും ഇരുപത് വയസ്സിൽ ബുദ്ധിയുറച്ച സമയത്തു കണ്ടവരെ ഓർത്തെടുക്കാൻ പറ്റാത്ത വിധംപക്ഷപാതപരമായി പെരുമാറുന്ന എന്റെ ഓർമ്മയുമായി പക്ഷാഘാതം വന്നത് പോലെ ഒന്നും ചെയ്യാനാവാതെ ഞാൻ ഇരിക്കുകയാണ്. 

ഓർമ്മകൾ ഉണ്ടായിരിക്കണം ..ഒരു ചില്ലു ക്കണ്ണാടിയിൽ എന്ന പോലെ അത് തെളിഞ്ഞു നിൽക്കണം. ഇല്ലെങ്കിൽ മിണ്ടാനും പറയാനുമാകാതെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒളിഞ്ഞിരിക്കേണ്ടി വരും.

2017, മേയ് 29, തിങ്കളാഴ്‌ച

ഭ്രാന്ത്

എ സി യുടെ തണുപ്പ് എത്രത്തോളം കൂട്ടാമോ അത്രത്തോളം കൂട്ടിയിട്ടും ഹരിക്ക് തണുപ്പ് തോന്നുന്നേയില്ലായിരുന്നു. ചുമരിൽ നിന്നൊക്കെ ചൂട് കാറ്റു വമിക്കുന്ന പോലെ . ആകെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോളാണ് ബാത്റൂമിന്റെ വാതിൽ തുറന്നു രാജി പുറത്തേക്കു വന്നത്

'ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് മേല് കഴുകുന്നത്, എന്തൊരു ചൂടാണ് അടുക്കളയിൽ നില്ക്കാൻ തന്നെ പറ്റുന്നില്ല '

തലയിൽ നനഞ്ഞ തോർത്ത് ചുറ്റി കൊണ്ട് രാജി പറഞ്ഞു

കഴിഞ്ഞ ഒരാഴ്ചയായി മഴ പെയ്തതാണ് എന്നിട്ടും  ഭൂമി തണുത്തില്ലല്ലോ എന്ന് മനസ്സിലോർത്തു കൊണ്ട് എ സി ഓഫ് ചെയ്ത ഹരി പുറത്തേക്കിറങ്ങി. രാവിലെ എട്ടര മണി ആയതേയുള്ളൂ. മുറ്റത്തു  വിരിച്ചിരിക്കുന്നു ടൈൽസ് ചുട്ടു പൊള്ളുന്നുണ്ട്. വെയിൽ കത്തി പടരുന്നു.

ഹരി പതുക്കെ വീടിന്റെ പിന്നാമ്പുറത്തെക്ക് നടന്നു. അമ്പലവയലിൽ നിന്ന് കൊണ്ട് വന്ന ഒട്ടുമാവിൻ തൈകൾ തീയേറ്റത് പോലെ വാടി  നിൽക്കുന്നു. പറമ്പിലെ ചെടികൾക്ക് എല്ലാം ഒരു വാട്ടം. മുൻപ് മഴ പെയ്തതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ മണ്ണിൽ ഇല്ല.

"വിടില്ല ഞാൻ ഒന്നിനെയും, ചുടുകട്ട പോലെ ചുട്ടെടുക്കും " പല്ലു ഞെരിച്ചു കൊണ്ട് ആരോ പറയുന്നത് പോലെ ഹരി കേട്ടു . സ്ത്രീശബ്ദം ആണെന്ന തോന്നലിൽ അയാൾ അടുക്കളഭാഗത്തേക്ക് നോക്കി. രാജിയുടെ നിഴൽ  പോലും അവിടെങ്ങുമില്ല . അകത്തു നിന്നും പാത്രങ്ങൾ വെക്കുന്നതിന്റെയും എടുക്കുന്നതിന്റെയും ശബ്ദം മാത്രം.

വീണ്ടും എന്തൊക്കെയോ പിറുപിറുപ്പുകൾ ,ചെറിയ അലർച്ച പോലെയുള്ള ശബ്ദങ്ങൾ. ചുറ്റും നോക്കിയ ഹരിക്ക് ആരെയും കാണാൻ പറ്റിയില്ല. വീണ്ടും ചെവിയോർത്തപ്പോൾ താഴെ മണ്ണിൽ നിന്നും വരുന്നത് പോലെ ഒരു തോന്നൽ . ഇനി ആരെങ്കിലും വല്ലകൂടോത്രവും ചെയ്ത് കൊണ്ട് വന്നിട്ടിരിക്കുമോ?  ഹരിയിൽ ഒരു ചെറിയ ഭയം കേറി.  മുട്ട് മടക്കി മണ്ണിൽ ഇരുന്നു ചെവി മണ്ണിലേക്കു ചേർത്ത വെച്ച് അയാൾ .

ദേഷ്യം കൊണ്ട് പല്ലു  കടിക്കുന്ന ശബ്ദം അപ്പോൾ അയാൾക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞു. വീണ്ടും ചെവിയോർക്കവേ

" ആരെയും വിടില്ല ഞാൻ . ചുട്ടു കൊല്ലും ഓരോന്നിനെ ആയി. എന്റെ തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളം പോലുമിറങ്ങാതെ കോൺക്രീറ്റ് ചെയ്തും ടൈൽസ് വിരിച്ചും എന്നെ കൊല്ലുന്നവരെ , എനിക്ക് തണലായ മരങ്ങളെ മുഴുവൻ മുറിച്ചു ബോണ്സായി നടുന്നവരെ , എന്റെ നെഞ്ചിൻ കൂട്ടിലേക്ക് പൈലിങ് നടത്തുന്നവരെ , എന്റെ കണ്ണുനീരിനെ ഊറ്റി കുടിക്കുന്നവരെ. വിടില്ല ആരെയും വെറുതെ വിടില്ല  കത്തുന്ന ചൂടിൽ പുകഞ്ഞു പുകഞ്ഞു ചാകണം എല്ലാം "  നാഗവല്ലിയെ പോലെ അവൾ അലറികൊണ്ടിരുന്നു.

മണ്ണിൽ തല വെച്ച് കിടക്കുന്ന ഹരിയെ ആണ് അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന രാജി കണ്ടത്

'അല്ല ഇതിപ്പോൾ എന്തിന്റെ കേടാ ആ മണ്ണിൽ പോയി കിടക്കുന്നു ?"

ഒന്നുമില്ല , പൊയ്ക്കോ എന്ന് രാജിയോട് കൈ കൊണ്ട് കാണിച്ചു കുറച്ചു നേരം കൂടെ ഹരി ചെവിയോർത്തു കിടന്നു.പിന്നെ എഴുന്നേറ്റു വർക്ക് ഏരിയയിൽ കിടക്കുന്ന കമ്പിപ്പാര എടുത്തു കൊണ്ട് മുൻവശത്തേക്ക് നടന്നു.

എന്തോ കുത്തി പൊളിക്കുന്ന ശബ്ദം കേട്ടാണ് രാജി ഓടി വന്നത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി മിനുക്കിയ മുറ്റത്തെ ടൈൽസ് കമ്പിപ്പാര കൊണ്ട് കുത്തി പൊളിക്കുന്ന ഹരിയെ കണ്ട അവൾ ഞെട്ടി . ഒരോട്ടത്തിനു സ്വീകരണമുറിയിലെ ടെലഫോണിനടുത്തെത്തി   108  ലേക്ക് ഡയൽ ചെയ്തു.





2017, മേയ് 24, ബുധനാഴ്‌ച


പ്രണയിക്കുന്നത്  എപ്പോഴും മനുഷ്യനെ ആയില്ലെങ്കിലും മനഃസാക്ഷിയുള്ളവനെ ആയിരിക്കണം
ഒരു ദേഹണ്ണക്കാരന്റെ കൈപുണ്യത്തോടെ അവൻ
നിന്നിലെ സ്നേഹക്കൂട്ടിനെ ഇളക്കി കൊണ്ടേയിരിക്കും
പ്രണയത്തിന്റെ വേഗവും ആവേഗവും നോക്കി
ഭൗതികതയിൽ അവൻ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തും
ഒരു കവിയുടെ ഭാവനയോടെ  അവൻ
നിന്നിലെ വെയിലിലേക്കിറങ്ങി മഴയായി പൊഴിയും
നിന്റെ ഉള്ളിലെ ശൂന്യതയെ ,
നിന്റെ വാക്കുകളിലെ അർത്ഥമില്ലായ്‌മയെ
ഒറ്റ നോട്ടത്തിൽ ഒരു പൂവാക്കി മാറ്റി ,
ഒരു ചേർത്തണക്കലിൽ മറ്റൊരു വസന്തം വിരിയിക്കും
ചുംബനങ്ങളിലൂടെ സ്നേഹം പകർച്ചവ്യാധിയാക്കി മാറ്റി നിന്നിലേക്കും ലോകത്തിലേക്കും അവൻ പടർത്തി കൊണ്ടേയിരിക്കും!!


2017, മേയ് 16, ചൊവ്വാഴ്ച

ഒറ്റമരം

പാർക്കിലെ ഗേറ്റ് കടന്നയുടനെ അവർ നോക്കിയത് വലതു വശത്തേക്കാണ്. ജീവിതത്തിലെ വിരക്തി മുഴുവൻ ഭാവമാക്കി ആ വൃദ്ധൻ ഇന്നും അവിടുണ്ട്.  പുൽത്തകിടിക്ക് നടുവിലായി ഉള്ള ബെഞ്ചിൽ എപ്പോഴും കാണുന്ന രണ്ടു സ്ത്രീകളും.  ഇന്നും എന്തോ കാര്യമായ പരദൂഷണത്തിൽ ആണവർ. കുറച്ചപ്പുറം മരത്തിന്റെ ചുവട്ടിലായി കാണുന്ന പ്രണയിതാക്കളും ഉണ്ട്. എന്നത്തേയും പോലെ മൊബൈലിൽ എന്തോ കാണുന്നു. ഇവർക്ക് സംസാരിക്കാൻ ഒന്നും ഉണ്ടാകില്ലേ ആവോ മനസ്സിൽ വിചാരിച്ചു എന്നുമിരിക്കാറുള്ള ബെഞ്ചിന് അടുത്തേക്ക് നടക്കുമ്പോൾ ആണ് കണ്ടത് . ഇളം നീല ജീൻസും കടും നീല ഷർട്ടുമിട്ട യുവാവ് മുകളിലൂടെ പോകുന്ന വിമാനത്തിനെ നോക്കി പൊട്ടിച്ചിരിക്കുന്നു , എന്തോ പറയുന്നു . പെട്ടെന്ന് അവർക്ക്  രോഹിതിനെ ഓർമ്മ വന്നു. അവരുടെ നോട്ടം ശ്രദ്ധിച്ച അയാൾ കൈ ഉയർത്തി അഭിവാദ്യം ചെയ്തു. ഒന്ന് ചിരിച്ചു അവർ ബെഞ്ചിൽ പോയിരുന്നു. പാർക്കിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടയിടമായിരുന്നു അത് . അവിടിരുന്നാൽ പാർക്ക് മുഴുവനും  , പാർക്കിനടുത്തുള്ള തടാകത്തിൽ ബോട്ട് യാത്രക്കിറങ്ങുന്നവരെയും അസ്തമയസൂര്യന്റെ ചുവപ്പു ചായം പൂശി നൃത്തമിടുന്ന ഓളങ്ങളെയും  കാണാം.

ബോട്ടിൽ കയറാൻ പോകുന്ന കുടുംബത്തിലെ കുട്ടിയുടെ പേടിയും കരച്ചിലും നോക്കി ഇരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരൻ അടുത്തേക്ക് വന്നത്.

'എന്നെ അറിയുമോ '  അയാളുടെ ചോദ്യം നേരത്തെ അയാളെ തന്നെ നോക്കിയത് കൊണ്ടാണെന്നു അവർക്ക്  മനസിലായി. രോഹിതിനെ കുറിച്ച് പറയാൻ അവർ ആഗ്രഹിച്ചില്ല . അത് പറഞ്ഞാൽ സെമെസ്റ്റർ പരീക്ഷയിൽ സപ്ലിമെന്ററി വന്നതിനെക്കുറിച്ചു, അതിനു അച്ഛനും മോനും തമ്മിൽ വഴക്കു കൂടി   ഇറങ്ങി പോയ രാത്രിയെ കുറിച്ച് പറയേണ്ടി വരും. മകൻ പോയ ദുഃഖത്തിൽ ഹൃദയം തകർന്ന മനുഷ്യനെ കുറിച്ച് പറയേണ്ടി വരും. തന്റെ ദുഃഖങ്ങൾ തന്റേതു  മാത്രമായിരിക്കട്ടെ എന്നോർത്തു കൊണ്ട് അവർ പറഞ്ഞു

" നിങ്ങളുടെ ബ്ലൂ ടൂത്ത്‌ ഹെഡ്സെറ്റ് ഞാൻ കണ്ടില്ല . ഒറ്റക്ക് സംസാരിക്കുകയാണ് എന്ന് കരുതി നോക്കിയതാണ്."

ഉറക്കെയുള്ള ഒറ്റച്ചിരി  ' പ്രാന്താണെന്നു കരുതിയോ , ആദ്യമായല്ല ആളുകൾ ഇങ്ങനെ കരുതുന്നത്.ഞാൻ ആകാശ് . ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ് മാനേജർ ആണ് '

"ഇന്ദിര , സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നു .   മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴൊക്കെ ഇവിടെ വന്നിരിക്കാറുണ്ട് ."

'ബ്യൂട്ടിഫുൾ പ്ലേസ് അല്ലെ. നഗരത്തിനു നടുവിൽ ഇങ്ങനെ ഒന്ന് അത്ഭുതം തന്നെ."

അകലെ തടാകത്തിലൂടെ പോകുന്ന ബോട്ടിനെ നോക്കി കൊണ്ട് ആ ചെറുപ്പക്കാരൻ തുടർന്നു

'ഞാൻ എന്റെ കൂട്ടുകാരിയോട് സംസാരിക്കുകയായിരുന്നു . അവൾ ഒരു ചിത്രകാരിയാണ്. ഞാൻ പോകുന്ന സ്ഥലത്തു നിന്നും ഫോൺ ചെയ്യുമ്പോളൊക്കെ ആ സ്ഥലത്തെ കുറിച്ച് അവൾ ചോദിക്കും . ഞാൻ പറഞ്ഞു കൊടുക്കുന്നത് കേട്ട് അവൾ ചിത്രങ്ങൾ വരക്കും. വരച്ച ചിത്രങ്ങൾ ശരിക്കുമുള്ള സ്ഥലത്തേക്കാൾ ഒരു പാട് ഭംഗിയുള്ളതായിരിക്കും .അവളുടെ ടാലന്റ് വല്ലാത്തതാണു '

" അതെയോ ? എങ്കിൽ അവൾ വരച്ച ഈ പാർക്കിന്റെ ചിത്രം എനിക്കൊന്നു കാണണം  വരച്ചു കഴിഞ്ഞു എന്നെ കൊണ്ട് പോയി കാണിക്കുമോ ?"

'അതിനെന്താ ഇപ്പോൾ തന്നെ പോകാം. അവളിപ്പോൾ തന്നെ വരച്ചു കഴിഞ്ഞിട്ടുണ്ടാകും '

ആകാശിന്റെ ബൈക്കിൽ കേറി നഗരത്തിലൂടെ പോകുമ്പോൾ ഇന്ദിരയുടെ മനസ്സിൽ പണ്ട് പ്രണയകാലത്തു ശ്രീയുടെ കൂടെ ബൈക്കിൽ പോയതായിരുന്നു.

 നഗരത്തിരക്കിൽ നിന്നും ബൈക്ക് ഒരു ഇടറോഡിലൂടെ കുറചു ദൂരം പോയി ഒരു വീടിനു മുന്നിൽ നിർത്തി. നഗരത്തിനുള്ളിൽ ഇത്രയും ശാന്തമായ ഒരു സ്ഥലം ഉണ്ടെന്നു പോലും അവർക്ക്  അറിയില്ലായിരുന്നു .  നിറയെ മരങ്ങളും ചെറിയ വഴികളുമായി ഒരു ഹൗസിംഗ്‌ കോളനി . വീടുകൾക്കും പ്രദേശത്തിനുമെല്ലാം ഒരു ഗ്രാമ്യഭംഗി, ശാന്തത. പച്ചപ്പുല്ല് വിരിച്ച നടപ്പാത. അത് കഴിഞ്ഞാൽ രണ്ടു സ്റ്റെപ്പുകൾ. സ്റ്റെപ്പ് കേറി കാളിങ് ബെൽ അടിക്കാതെ ആകാശ്  വാതിൽ തുറന്നു അകത്തേക്ക് കയറി അവരെ വിളിച്ചു . ചുണ്ടിൽ കൈ ചേർത്തു ശബ്ദമുണ്ടാക്കരുത് എന്ന് പറഞ്ഞു കൊണ്ട് പതിയെ നടന്നു. വിശാലമായ ഒരു ഹാളിലേക്ക് ആണവർ എത്തിയത്.

അരക്കെട്ടു മറയുന്ന മുടിയുമായി ഒരു പെൺകുട്ടി അവളുടെ ഒരു പെയിന്റിങ്ങിന്റെ അവസാന മിനുക്കു പണിയിൽ ആയിരുന്നു . അനന്യ എന്ന് ഒപ്പിട്ടു കളർ പാലറ്റ്  വെക്കാൻ അവൾ മാറിയപ്പോഴാണ് അവർ ആ ചിത്രം കണ്ടത്. പാർക്കിന്റെ ചിത്രം. ബെഞ്ചിലിരിക്കുന്ന വൃദ്ധനിൽ നിന്നും നീളുന്ന കാഴ്ച. മുകളിൽ കൂടെ പോകുന്ന വിമാനം. നടവഴിയിൽ  ഇളംപച്ച സാരിയും നീല ബ്ലൗസുമിട്ട ആകാശിനെ നോക്കി നിൽക്കുന്ന തന്നെ പോലും വരച്ചിരിക്കുന്നു. ഒരു ഫോട്ടോയെക്കാൾ പെർഫെക്റ്റ് ആയ ചിത്രം.

'അമൈസിങ് ' ആവേശത്തോടെ അവർ ഉറക്കെ പറഞ്ഞു .

ആകാശ് ആരാണ് നിന്റെ കൂടെ എന്ന് ചോദിച്ചവൾ തിരിഞ്ഞപ്പോൾ അവർ കണ്ടു. വെളുത്തു തുടുത്ത വട്ടമുഖം , നീണ്ട മൂക്കിന്റെ അറ്റത്ത് വിയർപ്പു തുള്ളികൾ . മൂക്കിന് താഴെ ചുണ്ടിനു മുകളിലായി നനുത്ത രോമങ്ങൾ. ഇത്രയും ഭംഗിയുള്ള പെൺകുട്ടിയെ അവർ  ഇന്ന് വരെ കണ്ടിട്ടില്ലായിരുന്നു.

'ഇത് ഇന്ദിരാന്റി . ഫോണിൽ  ഞാൻ പറഞ്ഞില്ലേ എന്നെ നോക്കി നിൽക്കുന്ന സ്ത്രീയെ പറ്റി. ഒറ്റക്ക് സംസാരിക്കുന്ന എനിക്ക് വട്ടാണെന്ന് കരുതി നോക്കിയതാണ് '

ആകാശ് പറഞ്ഞു നിർത്തിയതും മുത്ത് മണി കിലുങ്ങുന്ന പോലവൾ ചിരിച്ചു'

'ഹായ് അനന്യ ' അവർ കൈ നീട്ടി. തിരിച്ചു നീളാത്ത കൈകൾ നോക്കി അവർ അമ്പരന്നു . ഇഷ്ടമായിട്ടുണ്ടാകില്ലേ വന്നു കേറിയത് എന്നാലോചിക്കുമ്പോഴേക്കും ആകാശ് അവളുടെ കൈ പിടിച്ചു അവരുടെ കയ്യിൽ കൊടുത്തിരുന്നു.

'അവൾക്ക് കണ്ണ് കാണില്ല ആന്റി'

ഒരു നടുക്കത്തോടെയാണവർ അത് കേട്ടത് . കണ്ണ് കാണുന്ന തനിക്ക് പോലും കഴിയാത്ത സൂക്ഷ്മമായി വരച്ചു ചേർത്തിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി അവർ  തരിച്ചു നിന്നു. എങ്ങനെ ഇത്ര നന്നായി നിറങ്ങളെ അവൾ  കൂട്ടിച്ചേർക്കുന്നു എന്നറിയാൻ അവർ വെമ്പിയെങ്കിലും ചോദ്യം മനസ്സിൽ തങ്ങി നിന്നു. അവരുടെ ചിന്തകൾ അറിഞ്ഞെന്ന പോലെ അവൾ പറഞ്ഞു

'പത്തു വയസ്സ് വരെ എനിക്കെല്ലാം കാണാമായിരുന്നു . ഒരു ആക്‌സിഡന്റിൽ പപ്പയും മമ്മിയും പോയി കൂടെ എന്റെ കാഴ്ചയും. ഒരു കണക്കിന് അത് നന്നായി എന്നിപ്പോൾ തോന്നുന്നുണ്ട് . അനാഥരോട്‌  കാണിക്കുന്ന ഇല്ലാത്ത അനുതാപവും സഹതാപവും കാണേണ്ടല്ലോ'  ഒന്ന് ചിരിച്ചു അവരുടെ കൈ പിടിച്ചു ഹാളിൽ നിരത്തി വെച്ചിരിക്കുന്ന ഓരോ ചിത്രങ്ങളും അവരെ കാണിക്കാൻ തുടങ്ങി. ഒരു തെയ്യത്തിന്റെ ജീവനുള്ള  ചിത്രം കണ്ടവർ ചോദിച്ചു  ഇതെങ്ങിനെ വരച്ചു.

'നാല് വർഷം മുൻപ് ഞാൻ ഒരു എക്സിബിഷൻ നടത്തിയിരുന്നു അവിടെ  വെച്ചാണ് ആകാശിനെ പരിചയപ്പെടുന്നത്. അത് വരെ ഞാൻ വരച്ചിരുന്നത് എനിക്ക് പരിചിതമായവയുടെ ചിത്രങ്ങൾ മാത്രമായിരുന്നു. ഇവനെ പരിചപ്പെട്ടത്‌ മുതൽ ഞാൻ കാണാത്തതിന്റെയും ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.'

ബാക്കി പറഞ്ഞത് ആകാശാണ് ' ഞാൻ കാണുന്നതെല്ലാം അവളെ വിളിച്ചു വിവരിച്ചു കൊടുക്കും . അങ്ങനെ ഒരിക്കൽ കണ്ണൂരിൽ പോയപ്പോൾ കണ്ട തെയ്യത്തിന്റെ കാര്യം പറഞ്ഞപ്പോൾ വരച്ചതാണ് ഈ ചിത്രം'

ജീവൻ തുടിക്കുന്ന ആ ചിത്രത്തിലേക്ക് നോക്കി നിന്നപ്പോൾ അവളുടെ ഉൾക്കാഴ്ചയെകുറിച്ചവർക്ക് മതിപ്പു തോന്നി . ചുറ്റുമുള്ള ഓരോ ചിത്രവും ഒന്നിനൊന്നു മെച്ചപ്പെട്ടതും മിഴിവാർന്നതും.

ചിത്രങ്ങൾ നോക്കി നിൽക്കെ അവൾ പറഞ്ഞു കൊണ്ടിരുന്നു ' പപ്പയാണ് ക്രയോൺസ് വാങ്ങി തന്നു  ചിത്രം വരയ്ക്കാൻ ആദ്യം പഠിപ്പിച്ചത് . ചെറുപ്പത്തിലേ പ്രാരാബ്ധചുമട് ഏറ്റേണ്ടി വന്നത് കൊണ്ട് മാറ്റി വെച്ച പപ്പയുടെ പാഷൻ. വയലിൻ പഠിക്കാനും പെയിന്റിംഗ് പഠിക്കാനും എന്നെ കൊണ്ട് നടക്കുന്നത് കണ്ട മമ്മി പറയും ആരാന്റെ അടുക്കളയിൽ ചിത്രം വരക്കേണ്ടവളാ , അവളെ ഇങ്ങനെ കൊണ്ട് നടന്നു വഷളാക്കല്ലെ എന്ന്. എന്റെ മോളെ ഞാൻ ലോകപ്രശസ്ത ചിത്രകാരിയാക്കും നീ നോക്കിക്കോ എന്ന് പപ്പയും. അവരുടെ മരണ ശേഷം ബന്ധുക്കൾ കുറച്ച ദിവസം ഉണ്ടായിരുന്നു. പെണ്കുട്ടിയല്ലേ , പോരാത്തതിനു കാഴ്ചയുമില്ല ഓരോരുത്തരായി പതുക്കെ അകന്നു. ഇവിടെ അടുത്തൊരു ബ്ലൈൻഡ് സ്കൂളിൽ വയലിൻ ക്ലാസ് എടുക്കുന്നുണ്ട്, പിന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ എക്സിബിഷനും . എന്റെ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ പോകണമെന്ന് പപ്പ ദീർഘദൃഷ്ടിയാൽ കണ്ടിരിക്കും ' ഉള്ളിലെ വേദന അവളുടെ  കണ്ണുകളിൽ നനവായി പടരുന്നതവർ കണ്ടു. 

ഒരു ഫോൺ കാൾ വന്നു ആകാശ് പുറത്തേക്കു പോയപ്പോൾ അവർ അവളോട് ചോദിച്ചു

'മോളെ ഞാനൊന്നു കെട്ടി പിടിച്ചോട്ടെ ' കേൾക്കാൻ കാത്തിരുന്ന പോലെ അവൾ അവരോട് ചേർന്നു നിന്നു . കൈകൾ കൊണ്ട്  അവളെ തന്നിലേക്ക് ചേർത്തണക്കുമ്പോൾ നഷ്ടപെട്ടു പോയ തന്റെ മകന്റെ സ്ഥാനത്തു  ഗർഭപാത്രത്തിൽ അവൾ  നിറയുന്നതായും  അവരുടെ മാറിടം ചുരത്തുന്നതായും  പൊക്കിൾകൊടി നീണ്ടു അവളെ ചുറ്റി പിടിക്കുന്നതായും  അവർക്ക് തോന്നി .

ഫോണിൽ സംസാരിച്ചു കഴിഞ്ഞു അകത്തേക്ക് കേറുമ്പോൾ  ശിഖരങ്ങളും വേരുകളും ഒന്നായ ഒറ്റമരമായി അവർ നിൽക്കുന്നത് കണ്ട ആകാശ് ഒരു നിർവൃതിയോടെ പുറത്തേക്കു നടന്നു .

(വരകൾക്ക് കടപ്പാട് : ജയ് മേനോൻ (റൈഡർ സോളോ ) )

2017, ഏപ്രിൽ 22, ശനിയാഴ്‌ച


മധു നിറച്ചു മാടി വിളിച്ചതാണ്

മമതയോടെ ..

പിച്ചി ചീന്തിയ ജീവിതവും
കശക്കിയെറിഞ്ഞ സ്വപ്നങ്ങളും
ബാക്കി വെച്ചതിത്ര മാത്രം !!
(മനുഷ്യരെ കണ്ടു പഠിച്ചതാകും )

2017, മാർച്ച് 6, തിങ്കളാഴ്‌ച

കാടെരിയുമ്പോൾ

മോളെ സ്കൂൾ വാനിൽ കയറ്റിവിട്ടു വീട്ടിലേക്ക് വന്നയുടനെ അവൾ ആദ്യം ചെയ്തത്  ലാപ്ടോപ്പ് ഓണാക്കുകയായിരുന്നു  . ഇന്നാണ് ഓൺലൈൻ കവിത മത്സരത്തിന്റെ ഫലപ്രഖ്യാപനം. പ്രകൃതിസംബന്ധിയായ കവിതകൾക്കുള്ള മത്സരത്തിലേക്ക് കാടെരിയുമ്പോൾ എന്ന കവിത എഴുതി അയച്ചതാണ്. മുഖപുസ്തകം തുറന്നു ഗ്രൂപ്പിൽ ഫലപ്രഖ്യാപനം നോക്കിയപ്പോൾ ആദ്യം ഒരു അവിശ്വാസം. കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കിയപ്പോൾ കൂടുതൽ തെളിച്ചത്തോടെ കണ്ടു .ഒന്നാം സ്ഥാനം കാടെരിയുന്നു എന്ന കവിതക്ക് . കൂടെ ഒരു ആസ്വാദനകുറിപ്പും. കാടെരിയുമ്പോൾ അതിൽ വീണു പിടയുന്ന ജീവികളുടെ മാനസികാവസ്ഥ വായനക്കാരിൽ   ഉണ്ടാകുന്ന വേദനയൊക്കെ എടുത്തു പറഞ്ഞൊരു ആസ്വാദനക്കുറിപ്പ് .

സന്തോഷം കൊണ്ട് ഒരു ചാട്ടം ചാടി  നിന്റെ പൊട്ടക്കവിതകൾ എന്ന് പറഞ്ഞ കളിയാക്കുന്ന ഭർത്താവിനെ വിളിച്ചു പറയാൻ ഫോണെടുത്തു. വേണ്ട ഇപ്പോൾ വിളിച്ചു പറഞ്ഞാൽ ഓ ശരി എന്നൊരു മറുപടി മാത്രമേ കിട്ടുള്ളൂ. വൈകുന്നേരം വരുമ്പോൾ അങ്ങേർക്കു ഇഷ്ടപെട്ട വിഭവങ്ങൾ ഒക്കെ ഒരുക്കി വെച്ച് ഒന്ന് അത്ഭുതപ്പെടുത്താം. എന്താ വിശേഷമെന്നു ചോദിക്കുമ്പോൾ പറയാം. അന്നേരം ആ മുഖം കണ്ടാൽ  മനസിലിരുപ്പ് അറിയാല്ലോ   ഇങ്ങനെ ചിന്തിച്ചു  മൂളി പാട്ടു പാടി അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ വെച്ചിരുന്ന മട്ടണും ചിക്കനും എടുത്തു വെള്ളത്തിലിട്ടു. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കൂടെ പുറത്തുള്ള അമ്മിക്കല്ലിലിട്ടു  ചതച്ചെടുക്കുമ്പോഴും ചുണ്ടിൽ നിന്ന് മൂളിപ്പാട്ടൊഴിഞ്ഞില്ല. ഉള്ളിയും തക്കാളിയും അരിഞ്ഞു   ഇറച്ചി കഴുകിയെടുത്തു എല്ലാം പുരട്ടി ചേർത്ത വെക്കുമ്പോൾ തുറന്നിട്ട അടുക്കള വാതിലിലൂടെ ആരോ കടന്നു വന്നത് പോലെ. പുറത്തേക്കും അകത്തേക്കുമുള്ള വാതിലിൽ പോയി നോക്കിയപ്പോൾ ആരെയും കണ്ടില്ല. തോന്നിയതായിരിക്കും എന്നോർത്തു കൊണ്ട് വേഗം തന്നെ മറ്റു പണികളിലേക്ക് തിരിഞ്ഞു. മട്ടൺ  ഉലർത്തും , ചിക്കൻ ഫ്രൈയും ഫ്രൈഡ് റൈസും ഉണ്ടാക്കി അടച്ചു വെച്ച്  കുളിക്കാൻ പോയി വന്നു ലാപ്ടോപ്പുമെടുത്തു സിറ്റിംഗ് റൂമിലേക്കു വന്നപ്പോൾ സോഫയിൽ ഇരിക്കുന്ന രൂപത്തെ കണ്ട ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി .

"പേടിക്കണ്ട , ഞാൻ ഉപദ്രവിക്കില്ല"

കാർട്ടൂണുകളിലും  സിനിമകളിലും മാത്രമാണ് സംസാരിക്കുന്ന കടുവയെ കണ്ടിട്ടുള്ളത്. ഇതിപ്പോൾ തോന്നൽ ആകുമോ? ശരിക്കും കടുവ ആയിരിക്കുമോ കടുവ വേഷം കെട്ടി വന്ന വല്ല മനുഷ്യരും ആകുമോ? ശരിക്കുമുള്ള കടുവക്ക് കൂർത്ത നഖങ്ങൾ ഉണ്ടാകുമല്ലോ എന്നോർത്തു കൊണ്ടവൾ കടുവയുടെ മുൻകാലുകളിലേക്ക്  നോക്കി. അവളുടെ വിചാരം മനസിലാക്കിയെന്ന പോലെ നഖങ്ങൾ പുറത്തേക്കു നീട്ടി അത് പറഞ്ഞു
"ആവശ്യമുള്ളപ്പോൾ മാത്രമേ ഇതിങ്ങനെ പുറത്തുകാണിക്കാറുള്ളു പേടിക്കാതെ അവിടെ ഇരിക്കൂ എനിക്ക് കുറെ സംസാരിക്കാനുണ്ട് "

മനുഷ്യരെ പോലെ സംസാരിക്കുന്ന മൃഗം. ഒരു ഭയം നട്ടെല്ലിലൂടെ പാഞ്ഞു കയറുന്നതവൾ അറിഞ്ഞു . പതുക്കെ അപ്പുറത്തെ വശത്തിരിക്കുമ്പോൾ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു.

"പ്രകൃതിസ്നേഹി ആണല്ലേ? ഒരു നല്ല സന്തോഷം നിങ്ങളുടെ മുഖത്തു കാണുന്നുണ്ട് .എന്താണ് വിശേഷം, എന്നോടും പറയൂ"

അത് ഞാനെഴുതിയ ഒരു കവിതക്ക് ഒന്നാം സമ്മാനം കിട്ടിയതിന്റെ ആണ്

"ആഹാ എന്ത് കവിതയാണെഴുതിയത് , ഒന്ന് വായിക്കൂ കേൾക്കട്ടെ "

ലാപ് ടോപ് തുറന്നു പതുക്കെ അവൾ കവിത വായിച്ചു. കണ്ണടച്ചു തലയാട്ടി ഓരോ വാക്കും ഹൃദിസ്ഥമാക്കുന്ന കവിതാസ്നേഹിയെ പോലെ കാലുകൾ നീട്ടി വെച്ചു കടുവ കിടന്നു.
"മനോഹരം . കാടെരിയുമ്പോൾ അതിലകപ്പെട്ട മാൻ പേടയുടെ നിസ്സഹായത , കിളികളുടെ കരച്ചിൽ എല്ലാം എന്ത് ഭംഗിയായാണ് നിങ്ങൾ വിവരിച്ചിരിക്കുന്നത്. ശരിക്കും മനുഷ്യന് മറ്റു ജീവികളുടെ വികാരം അറിയാനുള്ള കഴിവുണ്ടോ?"

ജീവികളെയും നമ്മളെ പോലെ ചിന്തിക്കുന്നവരാക്കി മാറ്റുമ്പോൾ അവയുടെ വികാരങ്ങളും മനസിലാക്കാൻ കഴിയും

മറുപടി ആയി മുരളൽ , അത്  ചിരി ആയിരുന്നു.

"നിങ്ങൾക്ക് കാടിനുള്ളതിൽ ഒരു ഫാം ഹൗസ് ഉണ്ടല്ലേ?"

ഉം

"കാടിന്  അഞ്ചു കിലോമിറ്റർ അടുത്ത് വീടുണ്ടാക്കാൻ പ്രത്യേക അനുമതി ഒക്കെ വേണ്ട കാലത്ത് കാടിനുള്ളിൽ അങ്ങനൊരു വീടുണ്ടാക്കാൻ എങ്ങനെ കഴിഞ്ഞു ?"

അത് പിന്നെ പച്ചയിൽ വീഴാത്ത നിയമങ്ങളും അഴിയാത്ത കുരുക്കുകളുമില്ലല്ലോ

"കഴിഞ്ഞ മാസം പ്രകൃതിസ്നേഹികളുടെ കൂട്ടായ്മ അവിടെ വെച്ച് നടത്തിയിരുന്നു അല്ലെ"

കാടിനെ അറിയുകയെന്നതായിരുന്നു ആ പ്രോഗ്രാമിന്റെ പേര്. ഒരാഴ്ച  കാടിന്റെ തണുപ്പും നനവുമറിഞ്ഞു ഒരാഴ്ച നല്ല രസമായിരുന്നു.

"അവസാനദിവസം രാത്രി ഒരു ക്യാമ്പ് ഫയർ ഒക്കെ ഉണ്ടായിരുന്നില്ലേ. ആളിക്കത്തിയ തീയിൽ മുകളിലെ കൊമ്പിലുണ്ടായിരുന്ന കിളിക്കൂടിൽ നിന്ന് താഴെ വീണ കിളികുഞ്ഞുങ്ങളെ എടുത്തു തിന്ന ആ പ്രകൃതിസ്‌നേഹിയുടെ  പേര് എന്തായിരുന്നു ? അവയായിരുന്നില്ലേ  നിങ്ങളുടെ കവിതയിൽ ബിംബമായ കിളിക്കുഞ്ഞുങ്ങൾ?"

--------------

"പുള്ളിക്കുമുണ്ടല്ലേ കഥാപ്രാന്ത്‌? പ്രകൃതിസ്നേഹം കവിതയിലും കഥയിലും നിറച്ചു കാട്ടിൽ തീയെരിക്കുന്നവർ " വീണ്ടും ഒരു ചിരി

അസ്വസ്ഥമായ എന്തോ ഒന്ന്  ചുറ്റും മൂടുന്നത് പോലെ അവൾക്കു  തോന്നി. അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കോടാൻ ആരോ പറയുന്നത് പോലെ.

"രണ്ടു  ദിവസമായി കാട്ടിൽ  നിന്നും ഇറങ്ങിയിട്ടു . നന്നായി വിശക്കുന്നുണ്ട്. കഴിക്കാൻ എന്ത് തരും മൃഗസ്നേഹി?"

മൃഗസ്നേഹി എന്ന വിളിയിലെ പരിഹാസം മനസിലായെങ്കിലും നീരസം പുറത്തു കാണിക്കാതവൾ പറഞ്ഞു

മട്ടണും ചിക്കനുമുണ്ട്

വീണ്ടും ഒരു ചിരി  മുരളൽ

"നിങ്ങൾ കാട്ടിൽ വന്നാൽ വെടിയിറച്ചിയും മറ്റുമല്ലേ കഴിക്കുക. കാട്ടിൽ സന്തോഷമായി കഴിഞ്ഞു കൂടുന്ന മൃഗങ്ങളെ പിടിച്ചു നിങ്ങൾ കശാപ്പു ചെയ്യും . അപ്പോൾ അവിടെ  നിന്നും നാട്ടിൽ വന്ന ഞാൻ എങ്ങനെ നിങ്ങളുണ്ടാക്കി വെച്ച ഭക്ഷണം കഴിക്കും . കൊന്നു തിന്നാണ്  ശീലം വിളമ്പി തിന്നല്ല"

അവസാനവാക്കുകളിലെ കാർക്കശ്യം നട്ടെല്ലിലൂടെ വീണ്ടും ഒരു വിറയൽ പടർത്തി. എന്തെങ്കിലും പറയുന്നതിന് മുന്നേ  കണ്ടു പുറത്തേക്കു വരുന്ന നീണ്ട നഖങ്ങൾ, കോമ്പല്ലുകൾ. ഒരു അഭ്യാസിയെ പോലെ കടുവ മുകളിലേക്കുയരുന്നു.

*******

വാൽകഷ്ണം : ഇന്നത്തെ മാതൃഭൂമിയുടെ സിറ്റി കോർണറിൽ ഒരു കാർട്ടൂൺ കണ്ടു . നാട്ടിലെ പെട്ടിക്കടയിൽ വന്നു സോഡാ സർബത്തു ചോദിക്കുന്ന പുലി. അതിനെ തുടർന്ന് മനസ്സിൽ ഉണ്ടായ ചില തോന്നലുകൾ ആണ്. എഡിറ്റിംഗ് ഒന്നും നടത്തിയില്ല ..മനസ്സിൽ വന്നത് പോലെ എഴുതി .

2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചോദ്യോത്തരം

 എന്ത് ?
എങ്ങനെ?
എപ്പോൾ?
എവിടെ?

ഉത്തരമുണ്ടാകില്ലെന്നറിഞ്ഞിട്ടും
ചോദിച്ചു കൊണ്ടേയിരുന്നു
ചോദ്യങ്ങളിൽനിന്നു
ഒളിച്ചോടുന്നത് കാണുമ്പോൾ
വീണ്ടും വീണ്ടും ചോദിക്കാതിരിക്കാൻ
കഴിയാതിരുന്നപ്പോൾ
ആവർത്തിച്ചു കൊണ്ടേയിരുന്ന
ഉത്തരമില്ലാ ചോദ്യങ്ങൾ!

വിരസമായി തീർന്ന ചോദ്യോത്തര പംക്തിയിൽ നിന്നും
മൗനത്തിന്റെ കൂടാരത്തിലേക്ക്
പിൻവാങ്ങുമ്പോഴും
ചോദ്യങ്ങൾ മാഞ്ഞു  പോയതേയില്ല
എന്തുകൊണ്ട് എന്തുകൊണ്ട്
എന്നത് അലറി വിളിച്ചു കൊണ്ടിരുന്നു!

പിന്നീടിപ്പോൾ
ഞാൻ തിരിച്ചറിയുന്നുണ്ട്
മൗനമാണ് ഏറ്റവും നല്ല ചോദ്യമെന്നു 
ഒരായിരം ചോദ്യങ്ങൾ
നിന്റെ തലക്കുള്ളിൽ കിടന്നു
പിടക്കുന്നത് എനിക്കിപ്പോൾ കാണാം!

2017, ജനുവരി 20, വെള്ളിയാഴ്‌ച

ചാരം മൂടിയ കനൽ


നിസ്സംഗത ...
നിസ്സഹായത ...
ആകാംക്ഷ ...
വേദന... ദേഷ്യം ...

ഓരോ  മുഖങ്ങളിലും ഓരോ  ഭാവങ്ങൾ. ഭാവങ്ങളൊന്നുമില്ലാതെ പുതുതലമുറ ചെവിയിലൊട്ടിച്ചു വെച്ച എയർഫോണിൽ എന്തോ കേൾക്കുന്നു . വിരലുകൾ കൊണ്ട് സ്‌ക്രീനിൽ എന്തൊക്കെയോ കോറിയിടുന്നു. അവരുടെ മാത്രമായ ഏതോ മായികലോകത്തു പറന്നു നടക്കുന്ന അവർ ഇവിടെങ്ങും  തന്നെയില്ലെന്നു തോന്നിപോകും.

ദീർഘചതുരത്തിലുള്ള ഓ പി സെക്ഷനിൽ ചുമരിനോട് ചേർത്ത വെച്ച സിമന്റ് ബെഞ്ചിൽ ഓരോരുത്തരും അവരവരുടെ ഊഴം കാത്തിരിക്കുന്നു. എങ്കിലും ഇടക്കെല്ലാവരുടെയും ശ്രദ്ധ എരിപിരികൊള്ളുന്ന ഒരു വൃദ്ധനിലേക്ക്  നീളുന്നുണ്ട്

'മൂപ്പർക്ക് മൂന്നു നേരം തിന്നാൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല , കുറച്ചു നേരം വലിക്കാതിരുന്നാൽ  കരയിലേക്കിട്ട   മീൻ പോലെയാ ' എല്ലാവരും ശ്രദ്ധിക്കുന്നതയാളെ തന്നെ എന്ന് മനസിലാക്കിയ ഭാര്യ ഒരു ചെറുചിരിയോടെ പറഞ്ഞു

 കരയിലേക്കിട്ട മീൻ- നമ്മളോരോരുത്തരും പലപ്പോഴും ആ ഒരു അവസ്ഥയിലാകാറുണ്ട്. ആരെയെങ്കിലും കാണാതിരിക്കുമ്പോൾ , കേൾക്കേണ്ടവ കേൾക്കാതിരിക്കുമ്പോൾ അറിയേണ്ടവ അറിയാതിരിക്കുമ്പോൾ , പറയേണ്ടത് പറയാതിരിക്കുമ്പോൾ .

അമ്മയുടെ കൂടെയിരിക്കുന്ന മൂന്നുവയസ്സുകാരിക്ക് കാത്തിരിപ്പു മടുത്തു തുടങ്ങിയിരിക്കുന്നു. അത് ചെറിയ ചിണുങ്ങലായി , അമ്മയെ അടിച്ചും നുള്ളിയുമുള്ള കരച്ചിലിലേക്കും വഴിമാറിയപ്പോൾ 'ഇസാ അടങ്ങി ഇരിക്കൂ  സിസ്റ്ററെ കൊണ്ട് ഇൻജെക്ഷൻ വെപ്പിക്കും ട്ടോ ' എന്ന അമ്മയുടെ ഭീഷണിയെ ഒരു വലിയ വാശിയോടെ കരഞ്ഞു പ്രതിരോധിച്ച കുഞ്ഞു പെട്ടെന്ന് കരച്ചിൽ നിർത്തിയത് എല്ലാവരിലും അത്ഭുതമുണർത്തി. മൂന്നു ആളുകൾക്കു അപ്പുറമിരിക്കുന്ന ഒരു പയ്യന്റെ കയ്യിലെ കീ ചെയിനിലേക്ക് അവളുടെ ശ്രദ്ധ പോയിരുന്നു. പറക്കുന്ന കഴുകനുള്ള കീ ചെയിൻ ഉയർത്തി കാണിച്ചായാൾ അവളുടെ കരച്ചിലിനെ  ചിരിയിലേക്ക് മാറ്റിയത്. കുഞ്ഞുങ്ങളെ പോലെ ആകാൻ നമുക്കും കഴിഞ്ഞിരുന്നെങ്കിൽ.

കീ ചെയിൻ വാങ്ങാനായി കുട്ടി അയാളുടെ അടുത്തേക്ക് മെല്ലെ നടന്നു പോയപ്പോൾ അമ്മയൊന്നും പറഞ്ഞതേയില്ല. അത്ര നേരമെങ്കിലും കരയാതെ ഇരിക്കുമല്ലോ എന്നവർ കരുതി കാണും. പയ്യൻ കീ ചെയിൻ ഉയർത്തി പിടിച്ചു കൊണ്ട് അവളെ മടിയിൽ കയറ്റി ഇരുത്തുകയും കളിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ചേച്ചീ 

ഇടതു വശത്തു നിന്നും ഒരു മന്ത്രണം. എന്താണെന്ന്  ചോദിക്കാനായി മുഖം തിരിച്ച എന്റെ ചെവിയിൽ ആ സ്ത്രീ പറഞ്ഞു ' ആ കുട്ടിയെ ഇങ്ങു വിളിക്കാൻ പറ ചേച്ചീ , അങ്ങനെ അറിയാത്ത ആളുടെ അടുത്ത് കളിയ്ക്കാൻ വിടല്ലെന്നു പറ "

കരഞ്ഞു പൊളിച്ച കുട്ടി ചിരിച്ചു കളിക്കുന്നു . അവളുടെ അമ്മ അത് നോക്കിയിരിക്കുന്നു . എന്തിനാണ് അത് വേണ്ടെന്നു പറയുന്നത് എന്ന് ഞാൻ ചോദിക്കാനായുമ്പോഴേക്കും ടോക്കൺ വിളിച്ചു. ഡോക്ടറെ കാണാൻ ഉള്ളിൽ കേറി പുറത്തിറങ്ങി എക്സ്റേ എടുക്കാനായി ഓടുമ്പോൾ കുട്ടിയും അമ്മയും ആ സ്ത്രീയും ഒന്നും മനസ്സിലുണ്ടായിരുന്നില്ല. പന്ത്രണ്ട് മണിക്ക് മുൻപ് റേഡിയോളജി റൂമിൽ ചീട്ടു എത്തിയില്ലെങ്കിൽ പിന്നെയും ഒരു ദിവസം കൂടെ ഇതിനായി വരേണ്ടി വരും. അത് കൊണ്ട് തന്നെ ഒരു ഓട്ടമായിരുന്നു. അവസാനത്തെ ആളായി അവിടെ കാത്തിരുന്നപ്പോൾ എന്തിനായിരിക്കും ആ സ്ത്രീ അങ്ങനെ പറഞ്ഞിട്ടുണ്ടാകുക എന്ന് വെറുതെ ആലോചിച്ചു. അപ്പോഴേക്കും അകത്തേക്ക് വിളിച്ചു . എക്സ്റേ എടുത്തു പുറത്തെക്ക് വരുമ്പോൾ  ഒരു മണിക്കൂർ കഴിയും ഫിലിം കിട്ടാൻ . രിക്കുന്നില്ലെങ്കിൽ വേറൊരു ദിവസം വന്നു വാങ്ങിക്കോളൂ എന്ന് ടെക്‌നിഷ്യൻ പറഞ്ഞു

അവസാനത്തെ ആളായത് കൊണ്ട് തന്നെ മുൻപേ വന്നവർ എല്ലാം പോയിരുന്നു. ശൂന്യമായ നീണ്ട വരാന്ത. മീനച്ചൂടിന്റെ കാഠിന്യം ഒട്ടു തന്നെയില്ല. ചുറ്റും മരങ്ങളുള്ളത് കൊണ്ടാകാം ഒരു നനുത്ത കാറ്റും. ആ തണുപ്പിൽ  അവിടെ ഒറ്റക്കിരിക്കാൻ മനസ്സ് കൊതിച്ചു . ചുമരിൽ തല ചാരി കണ്ണുകളടച്ചു ഇരിക്കുമ്പോൾ കയ്യിലെ സ്പർശത്തോടൊപ്പം ചേച്ചി എന്നൊരു വിളി. നേരത്തെ ഡോക്ടറുടെ റൂമിനു മുന്നിൽ വെച്ച് കണ്ട സ്ത്രീ . ഇവരെന്തിനാണ് വീണ്ടും വന്നത് എന്നൊരു സംശയത്തോടെ അവരെ നോക്കി .

' ഞാൻ നേരത്തെ അങ്ങനെ പറഞ്ഞപ്പോൾ ചേച്ചിക്ക് തോന്നിയിട്ടുണ്ടാകും കുട്ടിയെ വീണ്ടും കരയിക്കാനാണോ ഞാൻ അങ്ങനെ പറഞ്ഞത് എന്ന്. ചാരം മൂടിയ ഒരു കനലുണ്ട് ഉള്ളിൽ. അത് കൊണ്ട് പറഞ്ഞതാണ് '

ചാരം മൂടിയ കനൽ ?

'ചെറിയപ്രായത്തിൽ  മനസ്സിലുണ്ടായ മുറിവാണു. സാറ്റും മണ്ണപ്പം ചുടലും കളിക്കുന്നതിനിടയിൽ  എപ്പോഴോ സംഭവിച്ചു പോയത്. പുറത്തു പറയാൻ പേടി ആയിരുന്നു. നല്ല പയ്യൻ പട്ടം നേടിയ ആളാണ് കുറ്റം എനിക്ക് മാത്രമാകും. തെളിവായി കാണിക്കാൻ ശരീരത്തിൽ മുറിവുകളില്ല പിന്നെങ്ങിനെ? ഇപ്പോൾ രണ്ടു  കുട്ടികൾ ആണ് എനിക്ക് . മോൾ അവളുടെ അച്ഛന്റെ കൂടെ അടുത്തിടപഴകുമ്പോഴും ഭയമാണ്  . അവരുടെ കൂടെ സി ഐ ഡി കണ്ണുമായി ഞാൻ ഉണ്ടാകും. പേടിയാണ് ചേച്ചി കുട്ടികളെ ആരെങ്കിലും അങ്ങനെ കളിപ്പിക്കുമ്പോൾ '

ഒരു തരിപ്പ്  തലയിലേക്ക് അരിച്ചു കയറി . വെളിച്ചം കടക്കാത്ത ഒരു ഗുഹയിൽ അകപ്പെട്ടത് പോലെ. എവിടുന്നോ വരുന്ന സ്ത്രീ ശബ്ദം

"റിസൾട്ട് കാത്തിരിക്കയാണോ എന്താ പേര് " തിരിച്ചു വിളിച്ചത് പുരുഷ ശബ്ദം ആയിരുന്നു. ഒരു പിടച്ചിലോടെ എഴുന്നേറ്റു നീളൻ വരാന്തയുടെ ഇരു വശത്തേക്കും നോക്കി. ആ സ്ത്രീയുടെ നിഴൽ പോലും എവിടെയുമില്ല. അവരുടെ ഉള്ളിലെ കനലിന്റെ കഷ്ണം എന്റെയുള്ളിലേക്ക് ഇട്ടവർ എവിടെയോ മറഞ്ഞു പോയിരിക്കുന്നു .

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...